2018 സെപ്റ്റംബര്‍ 1 മുതല്‍ എല്ലാ പുകയില പാക്കറ്റുകളിലും ക്വിറ്റ് ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 1800 11 2356 ചേര്‍ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് ശക്തമായ പിന്തുണ നല്‍കി ഡോക്ടര്‍മാരും പുകയില ഉപേക്ഷിച്ചവരും. പുകയിലയെ എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന, അതേസമയം അത് എങ്ങനെ ചെയ്യണം എന്ന് അറിയാത്തവര്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ക്വിറ്റ്ലൈന്‍ സേവനം ഒരു ഫോണ്‍കോളിലൂടെ നേരിട്ടു ലഭിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത.
പുകവലിക്കുന്നവരും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരും ക്വിറ്റ് ലൈന്‍ നമ്പര്‍ ഡയല്‍ ചെയ്താല്‍ മറുവശത്ത് പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഈ ദു:ശീലം ഉപേക്ഷിക്കുന്നതിനുള്ള ഉചിതമായ പരിഹാരങ്ങളും വഴികളും ഉപദേശിക്കുകയും ചെയ്യും.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള അദ്ധ്യക്ഷന്‍ ഡോ. ഇ.കെ. ഉമ്മര്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തു. എല്ലാ പുകയില ഉല്‍പന്ന പായ്ക്കുകളിലും ക്വിറ്റ് ലൈന്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഈ നമ്പര്‍ കൂടുതല്‍ പരിചിതമാകുമെന്നും സ്വമേധയാ ഈ ദുശീലം ഉപേക്ഷിക്കാന്‍ ഇത് കൂടുതല്‍ ആളുകളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായിലെ കാന്‍സറിന്‍റെ രൂക്ഷത പ്രകടിപ്പിക്കുന്ന ചിത്രങ്ങള്‍ ഒരു ഡോക്ടര്‍ ആയ തന്നില്‍പോലും വേദനയുളവാക്കുന്നു. ഇത്തരം ചിത്രങ്ങള്‍ കാണുകയും പുകവലിയുടെ ദോഷങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും ഈ ദുശീലം ഉപേക്ഷിക്കുന്നതിന് ക്വിറ്റ്ലൈനിനെ ആശ്രയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാലമായി ആഗോളതലത്തില്‍വരെ പുകയില മോചന പ്രചാരണ പ്രവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കുന്ന അച്യുത മേനോന്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ എമിരിറ്റസ് പ്രൊഫസര്‍ ഡോ. തങ്കപ്പന്‍, ഇംഗ്ലീഷ് ഹിന്ദി ഭാഷകളില്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ പ്രമുഖ ഭാഷകളിലേക്കും ഈ സേവനം വ്യാപിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ പുകയില ഉപയോഗം അവസാനിപ്പിക്കുന്നവര്‍ 23 ശതമാനത്തില്‍ താഴെയാണ്. ഇത് പുകയില ഉല്‍പന്നങ്ങളുടെ തീക്ഷ്ണമായ ആസക്തി സ്വഭാവമാണ് ചൂണ്‍ണ്ടിക്കാട്ടുന്നത്. ഈ സ്വഭാവത്തില്‍നിന്ന് മോചനം നേടാന്‍ ക്വിറ്റ്ലൈന്‍ പ്രയോജനപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ തരത്തിലുള്ള പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിര്‍ത്താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ക്വിറ്റ്ലൈന്‍ വളരെ ഉപകാര പ്രദമായിരിക്കുമെന്ന് പതിനേഴാം വയസ്സില്‍ ഈ ശീലത്തിന് തുടക്കമിട്ട് 35 വയസ്സുള്ളപ്പോള്‍ ഉപേക്ഷിച്ച സുരേഷ് കെ.സി അഭിപ്രായപ്പെട്ടു. മലബാര്‍ കാന്‍സര്‍ സെന്‍റര്‍ പുകയില ഉത്പന്നങ്ങള്‍ ഉപേക്ഷിച്ചവരുടെ കൂട്ടായ്മയായി രൂപം നല്‍കിയ 'മുന്നേറ്റം' എന്ന സംഘടനയുടെ സെക്രട്ടറിയാണ് സുരേഷ്. മുന്നേറ്റത്തിന്‍റെ ശ്രമഫലമായി ഇതുവരെ 160 പേര്‍ പുകയില എന്ന ദുശീലം ഉപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment