Sunday, 15 January 2017

റോഡ് സുരക്ഷാവാരം: വാഹനങ്ങള്‍ക്കുള്ളിലെ പുകവലി അപകടകരമെന്നു വിദഗ്ധര്‍

വാഹനങ്ങളിലിരുന്നു പുകവലിക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, റോഡപകടങ്ങള്‍ വഴി ജീവനും ഹാനികരമാകുന്ന ശീലമാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. റോഡ് സുരക്ഷാവാരം 2017 ആചരണത്തോടനുബന്ധിച്ച് വാഹനങ്ങള്‍ക്കുള്ളിലെ പുകവലി ക്ഷണിച്ചുവരുത്തുന്ന അപകടങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് വിദഗ്ധര്‍. വാഹനങ്ങള്‍ക്കുള്ളിലെ പുകവലി ഡ്രൈവറുടെ ശ്രദ്ധ പാളുന്നതിനുള്ള മുഖ്യ കാരണങ്ങളിലൊന്നായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.    

ലോകാരോഗ്യ സംഘടനയുടെ നിര്‍വചനപ്രകാരം ഡ്രൈവിങ്ങിലെ ജാഗ്രതക്കുറവെന്നാല്‍ സുരക്ഷിതമായ ഡ്രൈവിങ്ങില്‍ പാലിക്കേണ്ട കാര്യങ്ങളില്‍നിന്നു ശ്രദ്ധ വ്യതിചലിക്കലാണ്. വാഹനമോടിക്കുന്നതിനിടെ, സിഗരറ്റ് തപ്പുന്നതും തീ കൊളുത്തുന്നതുമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ശരീരത്തിന്റെയും മനസ്സിന്റെയും ജാഗ്രത നഷ്ടപ്പെടുത്തുന്നതിലൂടെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നു പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. സമ്പൂര്‍ണ ശ്രദ്ധ ആവശ്യമായ ഡ്രൈവിങ്ങില്‍ നിമിഷനേരത്തെ അശ്രദ്ധ പോലും വന്‍ ദുരന്തങ്ങള്‍ക്കു കാരണമാകുന്നുണ്ട്. 

വാഹനങ്ങള്‍ക്കുള്ളിലെ പുകവലി യാത്രക്കാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഹാനികരമായതിനാല്‍ ഈ വിഷയത്തില്‍ ഗവേഷണ പഠനങ്ങള്‍ക്കു നടപടി തുടങ്ങിയതായി നാറ്റ്പാക് ഡയറക്ടര്‍ ഡോ. ബി.ജി ശ്രീദേവി വ്യക്തമാക്കി. നിര്‍ദിഷ്ട പഠനത്തില്‍നിന്നുള്ള കണ്ടെത്തലുകള്‍ ആരോഗ്യ, റോഡ് സുരക്ഷാ നയരൂപീകരണങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും അതിലൂടെ പുകയില നിയന്ത്രണ നടപടികള്‍ ശക്തിപ്പെടുത്താനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഡോ. ശ്രീദേവി പറഞ്ഞു.

റോഡ് സുരക്ഷയും പുകയില നിയന്ത്രണവുമുള്‍പ്പെടെയുള്ള പൊതുജനാരോഗ്യ വിഷയങ്ങളില്‍ സമഗ്രമായ ബോധവല്‍ക്കരണ പരിപാടികളെപ്പറ്റി ചിന്തിക്കേണ്ട സമയമാണിതെന്ന് ഐഎല്‍ ആന്‍ഡ് എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്‌സ് ലിമിറ്റഡിന്റെ അസോസിയേറ്റ് വൈസ് പ്രസിഡന്റും ഗതാഗത മേഖലയില്‍ അനുഭവസമ്പന്നനുമായ ശ്രീ. അനില്‍കുമാര്‍ പണ്ടാല പറഞ്ഞു. പുകവലി ഡ്രൈവറുടെ ജാഗ്രത നഷ്ടപ്പെടുത്തുന്നു. സിഗരറ്റ് പുക കാഴ്ച മറയ്ക്കുന്നതും സീറ്റീലോ മടിയിലോ സിഗരറ്റ് വീണുപോകുന്നതുമൊക്കെ ഡ്രൈവിങ്ങിനിടെ അപകടങ്ങള്‍ക്കു വഴി തെളിക്കും. വാഹനങ്ങള്‍ക്കുള്ളിലെ പുകവലി ശീലത്തിനെതിരെയുള്ള നടപടികള്‍ റോഡ് സുരക്ഷയും ആരോഗ്യസുരക്ഷയും ഉറപ്പാക്കാന്‍ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതു വാഹനങ്ങളിലും ബസ് ഡിപ്പോകളും ബസ് സ്റ്റാന്‍ഡുകളിലും പുകവലിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് 2015ല്‍ ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു. കോട്പ നിയമപ്രകാരം പുകവലിക്കുന്നവരില്‍നിന്ന് പിഴയീടാക്കാനുള്ള അധികാരം കണ്ടക്ടര്‍ തൊട്ടു മുകളിലോട്ടുള്ളവര്‍ക്കുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ 200 രൂപയാണ് പിഴ. 

പുകവലി പാടില്ല എന്ന  സചിത്ര സൂചനാബോര്‍ഡ് എല്ലാ പൊതു വാഹനങ്ങളിലും പതിപ്പിച്ചിരിക്കണമെന്നും കോട്പ നിയമം അനുശാസിക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍ വേളയിലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമ്പോഴും ഇത്തരം സൂചകങ്ങള്‍ വാഹനങ്ങളില്‍ പതിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം. പൊതുവാഹനങ്ങളില്‍ വിലക്കിയിട്ടുള്ള, പുകയില ഉല്‍പ്പന്നങ്ങളുടെ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള പരസ്യങ്ങള്‍  പ്രത്യക്ഷപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. 

കോട്പ നിയമ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പ്രതിമാസ പരിശോധനാ റിപ്പോര്‍ട്ടുകളില്‍ അതു പരാമര്‍ശിക്കേണ്ടതുണ്ട്. ഓട്ടോറിക്ഷ, ടാക്‌സി, പ്രൈവറ്റ് ബസുകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതുവാഹനങ്ങള്‍ക്ക് ഇതു ബാധകമാണ്. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരവും പൊതുവാഹനങ്ങള്‍ ഓടിക്കുന്നതിനിടെയുള്ള പുകവലി, ഡ്രൈവറെ അയോഗ്യനാക്കാനും ലൈസന്‍സ് റദ്ദു ചെയ്യാനും പര്യാപ്തമായ കുറ്റമാണ്.

No comments:

Post a Comment