പുകയില ഉല്‍പ്പന്നങ്ങളുടെ വര്‍ഗീകരണം സംബന്ധിച്ചു തീരുമാനമെടുക്കുന്ന, ജിഎസ്ടി സമിതിയുടെ നിര്‍ണായക യോഗം ഫെബ്രുവരി 18നു ചേരാനിരിക്കെ, ബീഡി ഉള്‍പ്പെടെ എല്ലാ പുകയില ഉല്‍പ്പന്നങ്ങളെയും അധമ ഉല്‍പ്പന്നങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തണമെന്ന് പുകയില നിയന്ത്രണ സംഘടനയായ ടുബാക്കോ ഫ്രീ കേരളയുടെ നേതൃനിരയിലുള്ള വിദഗ്ധര്‍ ആവശ്യപ്പെട്ടു.
വിവിധ പുകയില ഉല്‍പ്പന്നങ്ങളെ കുറഞ്ഞ നിരക്കിലെ നികുതി സ്‌ലാബില്‍ ഉള്‍പ്പെടുത്തുന്നത് ദുരുപയോഗത്തിനും പുകവലിക്കാര്‍ വില കുറഞ്ഞ പുകയില ഉല്‍പ്പന്നങ്ങളിലേക്കു തിരിയുന്നതിനും ഇടയാക്കുമെന്ന് കേന്ദ്ര ധനമന്ത്രി ശ്രീ. അരുണ്‍ ജയ്റ്റ്‌ലിക്ക് അയച്ച കത്തില്‍ പുകയില നിയന്ത്രണരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
പുകയില ഉപയോഗവും കാന്‍സറും തമ്മിലുള്ള ബന്ധത്തിന് അടിവരയിടുന്ന തെളിവുകള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ ഉപയോഗം നിരുത്സാഹപ്പെടുത്തുന്ന തരത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കേണ്ടതുണ്ടെന്ന് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടറും ടുബാക്കോ ഫ്രീ കേരള ചെയര്‍മാനുമായ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. കേന്ദ്ര ബജറ്റില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ വര്‍ധന ആറു ശതമാനമായി പരിമിതപ്പെടുത്തിയത് അങ്ങേയറ്റം നിരാശാജനകമാണ്. വില കൂടിയ ഉല്‍പ്പന്നത്തില്‍നിന്നു വില കുറഞ്ഞവയിലേക്കുള്ള മാറ്റം തടയാനായി എല്ലാ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഒരേ നിരക്കില്‍ നികുതി ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പ്രതീക്ഷിക്കപ്പെട്ട 10-15 ശതമാനം വര്‍ധനയ്ക്കു പകരമുണ്ടായ വെറും ആറു ശതമാനം വര്‍ധന പുകയില വ്യവസായത്തിന് അനുഗ്രഹമായിരിക്കുകയാണെന്ന് ജോധ്പൂര്‍ ഐഐടി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. റിജോ എം.ജോണ്‍ പറഞ്ഞു. വരാനിരിക്കുന്ന ചരക്കുസേവന നികുതി നിര്‍ണയത്തില്‍ എല്ലാ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും 28 ശതമാനത്തിന്റെ പരമാവധി അധമനികുതിയും പരമാവധി ഉയര്‍ന്ന സെസും ഏര്‍പ്പെടുത്തിയില്ലങ്കില്‍ രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് വന്‍ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ പുകയില ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍, അധിക എക്‌സൈസ് തീരുവയും അടിസ്ഥാന എക്‌സൈസ് തീരുവയുമുള്‍പ്പെടെ, മൊത്തം എക്‌സൈസ് തീരുവയില്‍ ആറു ശതമാനം വര്‍ധന മാത്രമാണ് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കടലാസ് തെറുപ്പുബീഡികളുടെ എക്‌സൈസ് തീരുവയില്‍ 25 ശതമാനം വര്‍ധനയാണു വരുത്തിയത്. മൊത്തം ബീഡി വിപണിയില്‍ കടലാസ് തെറുപ്പു ബീഡികള്‍ തുച്ഛമായ സാന്നിധ്യമാണ്. രാജ്യത്തു വിറ്റഴിയുന്ന മൊത്തം ബീഡി ഉല്‍പ്പന്നങ്ങളുടെ 98 ശതമാനവും കയ്യടക്കുന്നത് ഇലയില്‍ തെറുക്കുന്ന ബീഡികളാണ്.
ഗ്ലോബല്‍ അഡല്‍ട്ട് ടുബാക്കോ സര്‍വേ(ഗാറ്റ്‌സ്) പ്രകാരം ഇന്ത്യയില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന പുകയില ഉല്‍പ്പന്നമാണു ബീഡി. ആകെ പുകയില ഉപഭോഗത്തിന്റെ 64 ശതമാനമാണിത്. ബീഡി വലിക്കുന്നവരില്‍ ഭൂരിപക്ഷവും നിര്‍ധനരാണ്. പാവപ്പെട്ടവന്റെ സന്തോഷമെന്നു കണക്കാക്കപ്പെടുന്ന ബീഡി, യഥാര്‍ഥത്തില്‍ അവനെ നശിപ്പിക്കുകയാണെന്നും ഉപഭോഗം കുറയ്ക്കാനായി കനത്ത നികുതി ഏര്‍പ്പെടുത്താത്തത് ദ്രോഹകരമായ നടപടിയാണെന്നും കത്തില്‍ പറയുന്നു.
പുകയില ഉപയോഗം മൂലമുള്ള ദുരന്തത്തെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം പുകയില ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധനയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമായി നിര്‍ദേശിക്കുന്നുണ്ട്. വില്‍പ്പന വിലയുടെ 75 ശതമാനമെങ്കിലും നികുതി ഈടാക്കണമെന്നും സംഘടന നിര്‍ദേശിക്കുന്നു.
No comments:
Post a Comment