Wednesday, 2 November 2016

പുകയില ഉത്പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ജിഎസ്ടി വേണമെന്ന ആവശ്യത്തിനു ശക്തിയേറുന്നു

ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ണായക യോഗം നവംബര്‍ മൂന്നിനു നടക്കാനിരിക്കെ എല്ലാ പുകയില ഉത്്പ്പന്നങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരും രോഗികളും സാമ്പത്തികവിദഗ്ധരും ഒന്നാകെ രംഗത്തെത്തി.

ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന 26 ശതമാനം പാപനികുതി (സിന്‍ ടാക്‌സ്) രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്കും സാമ്പത്തികമേഖലയ്ക്കും ഒരുപോലെ ദോഷകരമാണെന്ന് ഇവര്‍ പറയുന്നു. പുകയില ഉത്പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമ്പോള്‍ ഉപഭോഗം വിര്‍ദ്ധിക്കുകവഴി ഇത് ഹൃദ്രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളിലേക്ക് നയിക്കുന്നു. രാജ്യത്തിന് പുകയില ഉത്പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ലോകാരോഗ്യ സംഘടനയുടെ പഠനങ്ങളനുസരിച്ച് പുകയില ഉപഭോഗം കുറയ്ക്കുന്നതിന് തെളിയിക്കപ്പെട്ട മാര്‍ഗം പുകയില ഉത്പ്പന്നങ്ങള്‍ക്കുമേല്‍ കനത്ത നികുതി ഏര്‍പ്പെടുത്തുന്നതാണെന്ന്, ദീര്‍ഘകാലമായി  പുകയിലയ്ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നികുതി വേണമെന്ന ലക്ഷ്യത്തോടെ   പ്രവര്‍ത്തിക്കുന്ന പിആര്‍എസ് ആശുപത്രി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ടൈനി നായര്‍ പറഞ്ഞു. കുറഞ്ഞ ജിഎസ്ടി നിരക്ക് പുകയില ഉപഭോഗവും അതുവഴി ആരോഗ്യപരിപാലന ചെലവും വര്‍ദ്ധിപ്പിക്കും. പുകയുള്ളതും പുകരഹിതവുമായ എല്ലാ പുകയില ഉത്പ്പന്നങ്ങള്‍ക്കും ജിഎസ്ടി കൗണ്‍സില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് നികുതി ഏര്‍പ്പെടുത്തണം. ഇതുവഴി അമൂല്യമായ ജീവനുകളെ അകാല ദുരിതങ്ങളില്‍നിന്നും മരണത്തില്‍നിന്നും സംരക്ഷിക്കാനാവുമെന്നും ഡോ. ടൈനി നായര്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ എക്‌സൈസ് നികുതി നിലനിര്‍ത്തിക്കൊണ്ടുതന്നെ പുകയില ഉത്പ്പന്നങ്ങള്‍ക്ക് 26 ശതമാനം പാപനികുതി ഏര്‍പ്പെടുത്തുന്ന സാഹചര്യത്തിലും 40 ശതമാനം ജിഎസ്ടി-പാപനികുതിയെ  അപേക്ഷിച്ച് പുകയിലയില്‍നിന്നുള്ള നികുതി വരുമാനം അഞ്ചിലൊന്നോളം കുറയുമെന്ന് (17 ശതമാനം, ഏകദേശം 10,510 കോടി

രൂപ) ജോധ്പൂര്‍ ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റിജോ ജോണ്‍ പറഞ്ഞു. 26 ശതമാനം പാപനികുതി വരുമാനതുല്യത നിലനിര്‍ത്താന്‍ ആവശ്യമായ നിരക്കിനേക്കാള്‍ വളരെ താഴെയാണ്. ഇത് എല്ലാ പുകയില  ഉത്പ്പന്നങ്ങള്‍ക്കുമുള്ള നികുതി ഗണ്യമായി കുറയ്ക്കും. പുകയിലെ ഉല്പന്നങ്ങള്‍ക്ക് നിലവിലുള്ള മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) 26 ശതമാനത്തിലും കൂടുതലാണെന്നും ഡോ.റിജോ ജോണ്‍ കൂട്ടിച്ചേര്‍ത്തു.

പുകയില ഉല്പന്നങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനും പുതിയ ഉപഭോക്താക്കളുണ്ടാകുന്നത് തടയുന്നതിനുമായി എല്ലാ പുകയില ഉത്പ്പന്നങ്ങളുടെയും വില ഉയര്‍ത്തിനിര്‍ത്തണമെന്ന് പുകയില മൂലമുള്ള വായിലെ കാന്‍സര്‍ പിടിപെട്ട സാജു പറയുന്നു. 20 വയസു കഴിഞ്ഞപ്പോള്‍ സിഗററ്റ് ഉപയോഗിച്ചുതുടങ്ങിയ താന്‍ പിന്നീട് ദിവസവും മൂന്നും നാലും സിഗററ്റുകള്‍ക്കുപുറമെ മറ്റ് പുകയില ഉത്പ്പന്നങ്ങള്‍ക്കും അടിമയായി. മുപ്പതാമത്തെ വയസില്‍ വായിലെ കാന്‍സര്‍ പിടിപെട്ട തന്നെ കീമോതെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷന്‍ മുതലായവയ്ക്ക് വിധേയനാക്കി.  ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.  ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ചികിത്സയ്ക്ക് മൂന്നുലക്ഷം രൂപയിലേറെ  വേണ്ടിവന്നുവെന്ന് സാജു പറഞ്ഞു.

 എന്തിനായിരുന്നു കഷ്ടപ്പെട്ട് സമ്പാദിച്ച പണം പുകയില ഉത്പ്പന്നങ്ങള്‍ക്കുവേണ്ടി ചെലവഴിച്ചത് എന്ന് ആലോചിക്കാറുണ്ടെന്ന് സാജു പറയുന്നു. വ്യക്തിപരമായും കുടുംബത്തിനും അതുമൂലം ക്ലേശങ്ങളും ദുരന്തവുമാണ് ഉണ്ടായത്. താന്‍ നേരിട്ട വേദനയും സംഘര്‍ഷവും മറ്റാരും നേരിടാതിരിക്കാന്‍ വേണ്ടിയാണ് പുകയില ഉല്പന്നങ്ങളുടെ വില ഉയര്‍ത്തണമെന്ന് പറയുന്നതെന്ന് സാജു വ്യക്തമാക്കി.

പുകയിലയും അതുപോലെയുള്ള ഉത്പ്പന്നങ്ങളും വഴി സമൂഹത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ ഇല്ലാതാക്കുന്നതിന് വഴി കണ്ടെത്തുക,   വിലവിര്‍ദ്ധനവുവഴി ഉപഭോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ഉല്പന്നങ്ങള്‍ക്ക് പാപനികുതി ഏര്‍പ്പെടുത്തുന്നത്. നിലവിലുള്ള എക്‌സൈസ് തീരുവയും  സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നികുതികളുമല്ലാതെ  40 ശതമാനം പാപനികുതി അഭികാമ്യമാണെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു. 

No comments:

Post a Comment