Friday 4 November 2016

നികുതിവര്‍ധനയിലൂടെ പുകയില നിയന്ത്രണം: ഓസ്‌ട്രേലിയന്‍ മാതൃക അനുയോജ്യം

പുകയില ഉല്പന്നങ്ങള്‍ക്ക് കനത്ത നികുതി ചുമത്തണമെന്ന ആവശ്യം സംസ്ഥാനത്ത് നിലനില്‍ക്കെ ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഇത്തരമൊരു നടപടി സ്വീകരിച്ച് ഓസ്‌ട്രേലിയ ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃക കാട്ടി. ചരക്കുസേവനനികുതി (ജിഎസ്ടി) യെക്കുറിച്ച് ഗൗരവമായ ചര്‍ച്ച നടക്കുന്ന ഈ സമയത്ത് വര്‍ദ്ധിച്ച നികുതിയുട ഓസ്‌ട്രേലിയന്‍ മാതൃക പിന്തുടരാവുന്നതാണെന്ന്  ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ചരക്കുസേവന നികുതിയും എക്‌സൈസ് തീരുവയും ഒന്നിച്ചു ചുമത്തുന്നതിലൂടെ പുകയില ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തി  വരുമാനം വര്‍ദ്ധിപ്പിക്കുകയും ഉപയോഗം കുറച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്ന  ഫലപ്രദമായ പുകയില നിയന്ത്രണ രീതിയാണ് ഓസ്‌ട്രേലിയ സ്വീകരിച്ചിരിക്കുന്നത്.  

കഴിഞ്ഞ ഒരു ദശകമായി ഓസ്‌ട്രേലിയയില്‍ പുകവലി നിയന്ത്രണം കാര്യക്ഷമമായി നടക്കുന്നതിനു പിന്നില്‍ ഈ സംയുക്ത നികുതിയുടെ ഭാരമാണ്. 2003ലുണ്ടായിരുന്ന പുകയിലയുടെ വ്യാപനത്തില്‍ 25 ശതമാനം കുറവാണ് 2015ല്‍ ഇവിടെയുണ്ടായത്. 

പ്രായപൂര്‍ത്തിയായവരില്‍ 15.8 ശതമാനം മാത്രമാണ് പുകയിലയുടെ വ്യാപനം.  ജിഎസ്ടി, എക്‌സൈസ് തീരുവ, കസ്റ്റംസ് തീരുവ എന്നിവ പണപ്പെരുപ്പത്തിന്റെ തോതനുസരിച്ച് ഉചിതമായി ക്രമപ്പെടുത്തിയുള്ള നികുതി സമ്പ്രദായം ഫലപ്രദമായതിന്റെ വിജയമാണ് ഓസ്‌ട്രേലിയയില്‍ കാണുന്നതെന്നു വ്യക്തം. 

16 വര്‍ഷം മുന്‍പാണ് ഓസ്‌ട്രേലിയയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് പത്തുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത്. ഇതോടെ സിഗരറ്റ് ഉല്‍പ്പന്നങ്ങളുടെ പ്രതിവര്‍ഷ ഉപഭോഗം 2000-01ല്‍ 28,607 ദശലക്ഷമായിരുന്നത് 2010-2011ല്‍ 24,725 ദശലക്ഷമെന്ന നിലയിലേക്കു താണതായാണ് കണക്ക്. 1999നും 2010നുമിടയ്ക്ക് എക്‌സൈസ്, കസ്റ്റംസ് തീരുവകളില്‍ വര്‍ധന വരുത്തിയിരുന്നില്ല. 2010ല്‍ എക്‌സൈസ് തീരുവ ഗണ്യമായി കൂട്ടി. തൊട്ടടുത്ത വര്‍ഷങ്ങളില്‍ പണപ്പെരുപ്പവുമായി പൊരുത്തപ്പെടുത്താന്‍ വില കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്തു. 

നിലവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 2003ലുണ്ടായിരുന്ന എക്‌സൈസ് നിരക്കിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍. ഇടത്തരം സിഗരറ്റുകള്‍ക്ക് ചില്ലറവില്‍പ്പന വിലയുടെ 66 ശതമാനമാണ് എക്‌സൈസ് തീരുവ. ഇതിനൊപ്പം ജിഎസ്ടി കൂടി ചുമത്തുമ്പോള്‍ ചില്ലറ വില്‍പ്പന വിലയുടെ 70 ശതമാനമെങ്കിലുമെന്ന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരമുള്ള തലത്തിലേക്ക് സിഗരറ്റ് വില ഉയരുന്നുണ്ട്. 

ജിഎസ്ടി വഴിയുള്ള നികുതി വരുമാനം 2011ല്‍, 2001ലേതില്‍നിന്ന് 56 ശതമാനത്തോളം കൂടിയതായാണ് കണക്ക്. എക്‌സൈസ്, കസ്റ്റംസ്, ജിഎസ്ടി എന്നിവ  ചേര്‍ത്തുള്ള നികുതി വരുമാനം ഇതേ കാലയളവില്‍ 50.8 ശതമാനമാണു കൂടിയതായും കണക്കാക്കപ്പെടുന്നു. 

പുകയില ഉപഭോഗം ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കാനുള്ള മാര്‍ഗം അധിക നികുതി ചുമത്തി വില വര്‍ധന സൃഷ്ടിക്കുകയാണെന്നത് ഓസ്‌ട്രേലിയന്‍ അനുഭവം വ്യക്തമാക്കുന്നു. പുകയില ഉപഭോഗം ഏറ്റവും ദോഷകരമായി ബാധിക്കുന്ന യുവാക്കള്‍, ഗര്‍ഭിണി, നിര്‍ധനര്‍ എന്നിവരില്‍ പുകവലി കുറയ്ക്കാനുള്ള എളുപ്പവഴിയും ഇതു മാത്രമാണ്.

പുകയില നിയന്ത്രണത്തിന്റെ പേരില്‍  ലോകാരോഗ്യ സംഘടന ഓസ്‌ട്രേലയിയയെ പ്രശംസിച്ചിട്ടുമുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ അച്ചടിരഹിത പാക്കിങ്ങില്‍ വില്‍ക്കാനായി നിയമം കൊണ്ടുവന്ന ആദ്യരാജ്യം കൂടിയാണ് ഓസ്‌ട്രേലിയ. ഈ നിയമത്തിലൂടെ വെറും മൂന്നുവര്‍ഷം കൊണ്ട് പുകയില ഉപഭോഗത്തില്‍ 19.6 ശതമാനം കുറവു വരുത്താനും ഓസ്‌ട്രേലിയയ്ക്കു കഴിഞ്ഞു. ഇതും ഇന്ത്യയ്ക്ക് മാതൃകയാക്കാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

No comments:

Post a Comment